പേരാമ്പ്ര: എം.ഡി.എം.എയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വടകര പൊലീസിന്റെ പിടിയിലായ പേരാമ്പ്ര ബി.ആര്‍.സിയിലെ രണ്ട് അധ്യാപികമാരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പേരാമ്പ്ര മരുതോങ്കര സ്വദേശിനി കെ.സി.കീര്‍ത്തന, കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കുപ്പുമുക്ക് വീട്ടില്‍ കാവ്യ എന്നിവരെയാണ് പിരിച്ചുവിട്ടത്. വിദ്യാഭ്യാസ വകുപ്പാണ് നടപടിയെടുത്തത്.

പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ കായികാധ്യാപികയായിരുന്നു കീര്‍ത്തന. ഐ.ഇ.ഡി.സിക്ക് കീഴില്‍ സ്പെഷ്യല്‍ എഡ്യുക്കേറ്ററാണ് കാവ്യ. ബി.ആര്‍.സിയിലെ രണ്ട് അധ്യാപികമാരെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ പേരാമ്പ്രയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എസ്.എഫ്.ഐ, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് പോലുള്ള വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്.

രണ്ട് ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കീര്‍ത്തനയിലേക്ക് അന്വേഷണം എത്തിയത്. കീര്‍ത്തനയെ ചോദ്യം ചെയ്തതില്‍ നിന്നും സാമ്പത്തിക രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തുന്നത്. മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കാവ്യയുടെ ബാങ്ക് അക്കൗണ്ട്. ആവശ്യക്കാര്‍ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല.

പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വളരെ കൃത്യമായ പദ്ധതിയിലൂടെയാണ് കാവ്യയെ വടകര പോലീസ് വലയിലാക്കിയത്. നേരിട്ട് രംഗത്തിറങ്ങാതെ, ബാങ്ക് അക്കൗണ്ട് മാത്രം കേന്ദ്രീകരിച്ച് ലഹരി ശൃംഖല നടത്തിവന്ന കാവ്യയെ വടകര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.