തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞയാളുടെ കാലിൽ പുഴു. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന്റെ ശസ്ത്രക്രിയ കഴിഞ്ഞ കാലിലാണ് പുഴുവരിച്ചത്. കാൽ മസിലിന് പൊട്ടലുണ്ടായതിനാലാണ് രാജേന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മെയ് 28 നാണ് അപകടമുണ്ടായത് . രാജേന്ദ്രപ്രസാദിനെ ഇന്നാണ് ഐസിയുവിൽ നിന്ന് വാ‍ർഡിലേക്ക് മാറ്റിയത്. കൂടെയുണ്ടായിരുന്നവരാണ് കാലിൽ പുഴുവരിക്കുന്നത് കണ്ടത്.

മെയ് 28 ന് തന്നെയാണ് രാജേന്ദ്രപ്രസാദിന്റെ കാലിൽ ശസ്ത്രക്രിയ നടത്തിയത്. പ്രാഥമിക ശസ്ത്രക്രിയമാത്രമാണ് പൂർത്തിയായിട്ടുള്ളത്. പ്ലാസ്റ്റിക്ക് സർജറി ഉൾപ്പടെയുള്ള ഇനിയും ചെയ്യാനുണ്ട്. അതിനിടെയാണ് രാജേന്ദ്ര പ്രസാദിനെ തിങ്കളാഴ്ച വാർഡിലേക്ക് മാറ്റിയത്. അപ്പോഴാണ് കൂടെ ഉണ്ടായിരുന്ന കൊച്ചു മകൻ ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴുവരിക്കുന്നത് കണ്ടത്. തുടർന്ന് നഴ്സിനോട് പറഞ്ഞെങ്കിലും മുറിവ് വൃത്തിയാക്കിയില്ല.