ദുബൈ : യുഎഇയിലേക്ക് വരുന്ന സന്ദർശകർക്ക് ആശ്വാസ വാർത്തയുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). അർഹരായ വിനോദസഞ്ചാരികൾക്ക് ആവശ്യമായ അപേക്ഷാ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാൽ വെറും 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി വിസകൾ ലഭ്യമാക്കുന്ന പുതിയ സേവനമാണ് അധികൃതർ അവതരിപ്പിച്ചത്.
സഞ്ചാരികൾക്ക് തങ്ങളുടെ യാത്രാ പ്ലാൻ അനുസരിച്ച് 30 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ ടൂറിസ്റ്റ് വിസകൾ തിരഞ്ഞെടുക്കാവുന്നതാണ്. എമിറേറ്റിലുടനീളമുള്ള അംഗീകൃത ടൂറിസം ഓഫീസുകൾ (ട്രാവൽ ഏജൻസികൾ) വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്ന് ജിഡിആർഎഫ്എ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കി. ദുബൈയിലേക്ക് വരുന്ന സഞ്ചാരികൾക്ക് യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമായ രേഖകളും ഫീസും:
* പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ടിന്റെ സാധുതയുള്ള കോപ്പി എന്നിവയാണ് അപേക്ഷിക്കാൻ പ്രധാനമായും വേണ്ടത്.
* അപേക്ഷകരുടെ ദേശീയത അനുസരിച്ച് ചിലർക്ക് നാഷണൽ ഐഡന്റിറ്റി കാർഡും (ഉദാഹരണത്തിന് ആധാർ കാർഡ്) ആവശ്യമായി വന്നേക്കാം.
* ജിഡിആർഎഫ്എ വിവരങ്ങൾ പ്രകാരം 30 ദിവസത്തെ സിംഗിൾ എൻട്രി വിസയ്ക്ക് 200 ദിർഹവും, 60 ദിവസത്തെ വിസയ്ക്ക് 300 ദിർഹവുമാണ് സർക്കാർ ഫീസ് (നികുതികളും സർവീസ് ചാർജുകളും ഇതിന് പുറമെയായിരിക്കും).
എത്ര സമയം എടുക്കും
എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചാൽ ചില അപേക്ഷകർക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ വിസ അനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു. സന്ദർശകർക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആഗോള ടൂറിസം രംഗത്ത് ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും ഈ പുതിയ വേഗത്തിലുള്ള വിസാ നടപടി സഹായിക്കും.