മൂന്നരക്കോടിയുടെ ലഹരിക്കേസ്; പ്രതികളെ കുടുക്കാൻ ശബ്ദ പരിശോധനയുമായി എക്സൈസ്
കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് മൂന്നരക്കോടി രൂപയുടെ രാസലഹരി പിടികൂടിയ കേസിൽ പ്രതികളെ കുടുക്കാൻ അപൂർവ ശബ്ദ പരിശോധനയുമായി എക്സൈസ്.
തെളിവില്ലാതാക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് ശബ്ദ പരിശോധന. എക്സൈസിന്റെ അപേക്ഷ അംഗീകരിച്ച് പരിശോധനയ്ക്ക് വടകര കോടതി അനുമതി നൽകി.
പ്രതികളായ ഷഫീഖ് (33), ഉമ്മർ ഫാറൂക്ക് (37), ബിലാൽ (28), ഹിരൺ (31), നൗഷാദ് (49) എന്നിവരുടെ ശബ്ദ സാമ്പിളുകൾ തിരുവനന്തപുരം സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലാബിൽ റെക്കോഡ് ചെയ്തു. ഇവരുടെ ഫോണുകളിലെ കോൾ റെക്കോഡിങ്, വാട്സാപ്പ്, ടെലിഗ്രാം, സാങ്കി ആപ്പുകളിലെ ശബ്ദ സന്ദേശങ്ങൾ എന്നിവയുമായി ഈ സാമ്പിളുകൾ താരതമ്യം ചെയ്യും.
ഏപ്രിൽ 23-ന് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം കാറിൽ രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിൻ, 56 ഗ്രാം എംഡിഎംഎ, എക്സ്റ്റസി ഗുളികകൾ എന്നിവയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായതാണ് കേസ്. പിന്നീട് 17 സംസ്ഥാനങ്ങളിൽ നിന്നായി മറ്റ് പ്രതികളെയും പിടികൂടി. യുഎഇ, അർമേനിയ തുടങ്ങിയ രാജ്യങ്ങളുടെ ഫോൺ നമ്പറുകൾ വിപിഎൻ വഴി കണക്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ആശയവിനിമയം.
വിദേശ നമ്പറുകളായതിനാൽ കോൾ വിവരങ്ങൾ തെളിവായി ശേഖരിക്കാൻ പരിമിതിയുണ്ട്. കേസിൽ പിടികിട്ടാനുള്ള എട്ടാം പ്രതി നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാമിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.