കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരന് നേരെയുള്ള ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണത്തിന് ഇരയായ ടോൾ ജീവനക്കാരൻ ജിതേഷിന്റെ പരാതിയിൽ വേങ്ങേരി സ്വദേശി ഫഹീമിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇയാളുടെ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിലവിൽ പ്രതി ഫഹീം ഒളിവിലാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം. ടോൾ ജീവനക്കാരനായ ജിതേഷിന് നേരെ പ്രതി ഫഹീം കാർ ഓടിച്ചുകയറ്റുകയായിരുന്നു. തൊട്ടുമുന്നിലുണ്ടായിരുന്ന കാറിനായി ടോൾ ബാർ പൊന്തിയപ്പോൾ യാത്രക്കാർ വാഹനം മുന്നോട്ടെടുത്തു. ജിതേഷ് തടയാൻ ശ്രമിച്ചതോടെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബോണറ്റിൽ പിടിച്ചുനിന്ന ജിതേഷുമായി കാർ അമ്പതു മീറ്ററോളം മുന്നോട്ടുപോയി. ബോണറ്റിൽ പിടിച്ചു തൂങ്ങിയത് കൊണ്ടാണ് ജിതേഷ് രക്ഷപ്പെട്ടത്.