തലശ്ശേരി: സി.പി.എം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർക്ക് തടവും പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധിച്ചത്.

കൊയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ കെ.വി സിനോജ് എന്ന ചക്കി സിനോജ് (37) ന് 29.5 വർഷം കഠിനതടവും 1,35,000 രൂപ പിഴയുമാണ് ശിക്ഷ. മറ്റ് പ്രതികളായ സി. ലനീഷ് (33), കെ. ശിശിർ (31), കെ.വി ഷാരോൺ (33), സി.കെ ഷനിൽകുമാർ (44) എന്നിവർക്ക് 13.5 വർഷം വീതം തടവും 75,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.

2016 ജനുവരി 3 ന് വൈകിട്ട് 5 മണിക്ക് ചെമ്പിലോട് കോവിൽ റോഡ് ജംഗ്ഷനിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന സി.പി.എം പ്രവർത്തകരായ കെ. സമേഷ് (36), ഒ.കെ രാജേഷ് (42) എന്നിവർക്ക് നേരെയായിരുന്നു ബോംബേറ്. സ്റ്റീൽ ബോംബ് സമേഷിന്റെ കാലിൽ തട്ടി പൊട്ടി കാൽ തകർന്നു, പിന്നീട് കാൽ മുറിച്ചുമാറ്റേണ്ടി വന്നു. 10 വർഷമായിട്ടും സമേഷ് ചികിത്സ തുടരുകയാണ്.