കോഴിക്കോട്: കൊടും ചൂടിൽ ചെറുനാരങ്ങ വിലയും പൊള്ളുന്നു. വിപണിയിൽ കിലോയ്ക്ക് 220 മുതൽ 260 രൂപ വരെയാണ് ഇപ്പോഴത്തെ വില.
ഓണക്കാലത്ത് കിലോയ്ക്ക് 120 മുതൽ 180 രൂപ വരെ ഉണ്ടായിരുന്ന നാരങ്ങയാണ് ഒറ്റയടിക്ക് 250 കടന്നത്. ചില്ലറ വിപണിയിൽ ചിലയിടങ്ങളിൽ 280 രൂപ വരെയും എത്തി. ഒരു വലിയ നാരങ്ങയ്ക്ക് 10 മുതൽ 15 രൂപ വരെ കൊടുക്കേണ്ട അവസ്ഥയാണ്.
കേരളത്തിലേക്ക് ആവശ്യമായ നാരങ്ങ കൂടുതലും എത്തുന്നത് ആന്ധ്രപ്രദേശ്, തമിഴ്‌നാട്ടിലെ പുളിയങ്കുടി, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്. അവിടങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതും തുടർച്ചയായ മഴയുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വില കൂടിയതോടെ നാരങ്ങാ വെള്ളം, സർബത്ത് കച്ചവടത്തെ സാരമായി ബാധിച്ചു. പഞ്ചസാര വിലയും കൂടിയതോടെ പല കടകളും നാരങ്ങാവെള്ളത്തിന്റെ വില കൂട്ടി, ചിലർ വിൽപന തന്നെ നിർത്തി. വരും ദിവസങ്ങളിലും വില ഇനിയും കൂടിയേക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.