തിരുവനന്തപുരം: വേണ്ടത്ര കരുതൽ ശേഖരമില്ലാതെ അരവണ പ്ലാന്റ് അടച്ചതോടെ ശബരിമല സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷം. അരവണ വിതരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. മ

ണ്ഡല കാലത്തിനു മുൻപായി അരവണ പ്ലാന്‍റിന്‍റെ ശേഷി കൂട്ടുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇന്നും നാളെയും അരവണ കിട്ടാതെ തീർഥാടകർ നിരാശപ്പെടേണ്ടി വരും

ഇതര സംസ്ഥാനത്ത് നിന്നടക്കം മലകയറിയെത്തുന്ന തീർത്ഥാടകർക്ക് ആകെ നൽകുന്നത് മൂന്ന് കവർ അപ്പവും ഒരു ടിൻ അരവണയും മാത്രം. അരവണ കിട്ടാതെ വന്നതോടെ കഴിഞ്ഞദിവസം തീർഥാടകര്‍ വലിയ പ്രതിഷേധം ഉയർത്തി.

മണിക്കൂറുകൾ കാത്തു നിന്നാലാണ് ഒരു ടിൻ അരവണ കിട്ടുക. പൊലീസ് ഇടപെട്ടാണ് തീർഥാടകരെ ശാന്തരാക്കിയത്. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി.

നവംബർ 16ന് തുടങ്ങുന്ന മണ്ഡല കാല തീർഥാടനത്തിനു മുന്നോടിയായി അരവണ പ്ലാന്റിന്റെ ശേഷി കൂട്ടുന്ന ജോലികൾ സന്നിധാനത്ത് നടക്കുകയാണ്. അതിനു മുൻപ് ആവശ്യത്തിന് അരവണയുടെ കരുതൽ ശേഖരം ഉണ്ടാക്കാൻ ദേവസ്വം ബോർഡിനു കഴിഞ്ഞില്ല.

പ്ലാന്റ് അടച്ചിട്ടു യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുതിയതായി തയാറാക്കാനും കഴിയില്ല. കന്നി മാസപൂജ പ്രമാണിച്ച് 3.25 ലക്ഷം ടിൻ അരവണയാണു കരുതിയത്.

ഇന്നലെ വൈകിട്ടോടെ അരവണശേഖരം 25,000 ടിൻ ആയി കുറഞ്ഞു. ഇതേ തുടർന്നാണ് രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. അരവണ സ്റ്റോക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് തീർഥാടകർക്ക് ദുരിതമായത്.

പ്രതീക്ഷിച്ചതിൽ കൂടുതൽ ഭക്തരെത്തി എന്ന ദുർബലമായ വിശദീകരണമാണ് ദേവസ്വം ബോർഡ് നൽകുന്നത് . ശനിയും ഞായറും തിരക്കുണ്ടെന്ന് ദേവസ്വം ബോർഡിന് നേരത്തെ ബോധ്യപ്പെട്ടതാണ്.

കൃത്യമായ മുന്നൊരുക്കം ഇല്ലാതെ പോയതാണ് അരവണ ക്ഷാമത്തിന്‍റെ കാരണം. രണ്ടുദിവസം അരവണ കിട്ടാതെ ഭക്തർ നിരാശരായി മടങ്ങേണ്ടി വരുമെന്ന് ദേവസ്വം ബോർഡ് തന്നെ പറയുന്നു.