വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ കേസിൽ പൊലീസുകാരൻ പിടിയിൽ. സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് എറണാകുളം കളമശ്ശേരിയിൽ നിന്ന് പൊലീസ് പിടികൂടിയത്.

സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ് ആണ് മോഷണം പോയത്. ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു.

റൈറ്ററും അസിസ്റ്റന്റ് റൈറ്ററും മുറി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മോഷണം പുറത്തറിയുന്നത്. പൂട്ട് തകർക്കാതെ താക്കോൽ ഉപയോഗിച്ച് മോഷണം നടത്തിയതിനാൽ അന്വേഷണം സ്റ്റേഷനിലെ പൊലീസുകാരിലേക്ക് നീണ്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജൂലൈ 18ന് രാത്രി ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് സ്വന്തം കാറിൽ ചാക്കുകൾ കടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു.

എന്നാൽ തന്നെ ബലിയാടാക്കുകയാണെന്നും ഹാൻസിന്റെ രൂക്ഷഗന്ധം കാരണം ചാക്കുകൾ മറ്റൊരിടത്തേക്ക് മാറ്റി വെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സബിത്തിന്റെ അഭിഭാഷകന്റെ വാദം.