മലപ്പുറം: ഓടായിക്കല്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങല്‍ സ്വദേശി പനയംതൊടിക യാഷിക്കിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച ഒഴുക്കില്‍പെട്ട യാഷിക്കിനെ കണ്ടെത്താന്‍ നാല് ദിവസങ്ങളായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് ചാലിയാറില്‍ എടവണ്ണ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

ഗായകന്‍ കൂടിയാണ് മരിച്ച യാഷിക്. മഴയില്‍ ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മരങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെയാണ് യാഷിക്ക് അപകടത്തില്‍പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ സാഹസികമായി രക്ഷപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.