കൊയിലാണ്ടി: നഗരമധ്യത്തിൽ ഓവർബ്രിഡ്ജിന് താഴെയുള്ള വാടക വീട്ടിൽ കവർച്ച. പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തെത്തിയ നാലംഗ സംഘം പണവും രണ്ട് മൊബൈൽ ഫോണുകളും വെള്ളിമാലയും കവർന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പശ്ചിമബംഗാൾ സ്വദേശികളായ നാല് പേരെ കൊയിലാണ്ടി പൊലീസ് പിടികൂടി. സഫീക്ക്, അൻജാൻ, ഫാറൂഖ് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളായ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു കവർച്ച.
മോഷ്ടാക്കളിൽ ഒരാളെ പരിചയമുണ്ടായിരുന്നതിനാൽ വീട്ടുകാർ അയാളുടെ പേരും ഫോൺ നമ്പറും പൊലീസിന് കൈമാറി. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ കൊയിലാണ്ടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
സഫീക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് അൻജാനെയും 17-കാരനെയും കൊയിലാണ്ടി ഹാർബറിൽ നിന്നും ഫാറൂഖിനെ ചോമ്പാല ഹാർബറിൽ നിന്നും പിടികൂടി.