കാട്ടിക്കുളം : മാനന്തവാടി-കർണാടക പാതയിലെ കാട്ടിക്കുളം വയൽക്കരയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് വയലിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ അപകടത്തിൽപ്പെട്ടത്.

മാനന്തവാടിയിൽ നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന കാർ റോഡിലെ ഡിവൈഡറിൽ തട്ടുകയും, തുടർന്ന് റോഡരികിലെ സംരക്ഷണ ഭിത്തി തകർത്ത് താഴെയുള്ള വയലിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല

കൈക്ക് പരിക്കേറ്റ രണ്ട് പേരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ബേഗൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് തിരുനെല്ലി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.