കൊയിലാണ്ടി: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയും. വള്ളിയോത്ത് തോരകാട്ടില്‍ വീട്ടില്‍ നൗഷാദ് (39)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ടീവി കാണുമ്പോള്‍ വീട്ടില്‍ എത്തിയ പ്രതി ആരും ഇല്ലെന്നു മനസിലാക്കി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഗള്‍ഫില്‍ നിന്നും തിരികെ എത്തിയതിനു ശേഷം കുട്ടി വിവരം അമ്മയോട് പറയുകയും പിന്നീട് പോലീസില്‍ അറിയിക്കുകയും ആയിരുന്നു.

ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.റഫീഖ് ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി.