മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഇസ്‌കിയിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പെരിന്തൽമണ്ണ സ്വദേശി ശശികുമാർ മേലേക്കളങ്ങര (54) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിസ്‌വയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങളായി ഇസ്‌കിയിലെ 'അസ്‌റി ആർക്കിടെക്റ്റ്' എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തെയും സാംസ്കാരിക രംഗത്തെയും ദുഃഖത്തിലാഴ്ത്തി.
ശശികുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈരളി ഇസ്‌കിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. പരേതനായ രാമചന്ദ്രൻ നായരുടെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീലക്ഷ്മി, നവനീത്. സഹോദരങ്ങൾ: വിനോദ്കുമാർ, രാജേഷ് കുമാർ