മലപ്പുറം: പരമോന്നത പണ്ഡിത സഭയായ സമസ്തയുടെ നേതൃനിരയിലും ആഗോള പണ്ഡിത വേദികളിലും ഒരുപോലെ തിളങ്ങിയ പണ്ഡിതപ്രതിഭയായിരുന്നു പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതശ്രേഷ്ഠരില്‍ നിന്ന് നുകര്‍ന്ന വിജ്ഞാനവെളിച്ചമാണ് ആലിക്കുട്ടി മുസ്‌ലിയാരെ അറിവിന്റെ ഉന്നതങ്ങളിലേക്ക് വഴിനടത്തിയത്. അറബ് ലോകത്തുള്‍പ്പെടെ സുപ്രധാന വൈജ്ഞാനിക ചര്‍ച്ചകളില്‍ പണ്ഡിത പ്രതിനിധിയായി അദ്ദേഹം സാന്നിധ്യമറിയിച്ചു. സഊദി അറേബ്യ, ഈജിപ്ത്, ലിബിയ, തുര്‍ക്കി, സെനഗല്‍, ഇറാഖ്, മൊറോക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സെമിനാറുകളിലും സമഗ്രമായ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പണ്ഡിത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
വാര്‍ദ്ധ്യകസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. നാളെ രാവിലെ 10 മണിക്കാണ് മയ്യിത്ത് നിസ്‌കാരം. മലപ്പുറം തിരൂര്‍ക്കാട്ടെ വീട്ടില്‍ എത്തിക്കുന്ന ഭൗതികദേഹം പിന്നീട് തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാമില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും.
മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945 ലാണ് ജനനം. ആലിക്കുട്ടി മുസ്ലിയാര്‍ ദര്‍സ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ മുദരിസായി.പിന്നീട് 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ അധ്യാപകനായി. പിന്നീട് ഇതേ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാലായും സേവനം അനുഷ്ഠിച്ചു. 2010ലാണ് ആലിക്കുട്ടി മുസ്ലിയാര്‍ സമസ്ത സെക്രട്ടറിയാകുന്നത്. 2003-2005 കാലയളവില്‍ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനായും 2006-2009 കാലഘട്ടത്തില്‍ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016 മുതല്‍ സമസ്ത ജനറല്‍ സെക്രട്ടറിയാണ്.
ബഹുഭാഷാ പണ്ഡിതനായ ആലിക്കുട്ടി മുസ്ലിയാര്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്.