മസ്കത്ത്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പ്രവാസി യുവാക്കളെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി.
മസ്കത്ത് റൂവി ഹംരിയയിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), റൂവിയിൽ മലപ്പുറം സ്വദേശി ശരത് (29) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രവാസി ഫുട്ബോൾ താരങ്ങളാണ്.
കല്ലായി ചക്കുംകടവ് ചുള്ളിക്കാട് പറമ്പ് ഹാജറ മൻസിലിൽ മുഹമ്മദ് ജാഫർ - ഫാത്തിമാബി ദമ്പതികളുടെ മകനാണ് മുഹമ്മദ് ജനീഷ് ബാബു. മുമ്പ് മബേലയിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജനീഷ് നാല് മാസം മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തിടെ താൽക്കാലിക വിസയിൽ തിരികെയെത്തി വീണ്ടും ജോലിക്കുള്ള ശ്രമത്തിലായിരുന്നു.
വാദി കബീറിലായിരുന്നു താമസം. ഓഗസ്റ്റ് 31ന് റൂം ഒഴിഞ്ഞ് ബാഗുമെടുത്ത് പോയ ജനീഷിനെ ഹംരിയ ഭാഗത്തെ കെട്ടിടത്തിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൈയിൽ പാസ്പോർട്ട് കണ്ടെത്താനാകാത്തതിനാൽ ആർ.ഒ.പി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.