കണ്ണൂർ: ശ്രീകണ്ഠാപുരത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളുടെയും പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

സംഘർഷത്തിൽ ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണന് പരിക്കേറ്റു. സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്.

ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

കോൺഗ്രസ് കൊടിമരം നശിപ്പിക്കുന്നത് തടയുന്നതിനിടെ ഭിന്നശേഷിക്കാരി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ 19 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.