തിരുവനന്തപുരം: 13 മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ രംഗത്ത്.

സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവ കാരണം പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞിട്ടില്ല. അധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല. 

ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.

എന്നാൽ പരീക്ഷ മാറ്റിവയ്ക്കുന്നത് അധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുമെന്നതിനാൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.