വടകര: വടകര പൂത്തൂരില്‍ പത്ത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പൂത്തൂരില്‍ വിവിധയിടങ്ങളിലുളളവര്‍ക്കാണ് കടിയേറ്റത്. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ വീട്ടില്‍ ഉറങ്ങിക്കിടന്ന വയോധികയെയും വീട്ടിനുള്ളില്‍ കയറി തെരുവുനായ കടിച്ചു. വയോധിക ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയതോടെ നായ ഓടിപ്പോവുകയായിരുന്നു.

കടിയേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. കൈയ്ക്കും കാലിനും പരിക്കറ്റവര്‍ക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മ്മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റ് ആറ് പേരെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടിച്ച തെരുവുനായയ്ക്കായി തെരച്ചില്‍ നടത്തുകയാണ്.