വടകര: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 11 വര്‍ഷം കഠിന തടവും 20000രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. വടകര മേപ്പയില്‍ സ്വദേശി കല്ലുനിര പറമ്പത്ത് സജീവന്‍ (55 )നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ. മേനോന്‍ ശിക്ഷിച്ചത്.
നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്തിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് വിധി. വടകര പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് വടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ധന്യ കൃഷ്ണന്‍ ആണ്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. പ്രോസിക്യൂഷന്‍ വിംഗിന് വേണ്ടി ലെയ്‌സണ്‍ ഓഫീസര്‍ ഷാനി.പി.എം നടപടികള്‍ ഏകോപിപ്പിച്ചു.