മുക്കം: പിതാവ് തലയില്‍ ഹെല്‍മെറ്റ് വയ്ക്കുന്നത് അനുകരിച്ച ഒന്നര വയസുകാരന്‍റെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. മുക്കം കൊടിയത്തൂരിലാണ് ആശങ്കയുണര്‍ത്തിയ സംഭവം നടന്നത്. കുങ്ങഞ്ചേരി വീട്ടില്‍ മുര്‍ഷിദിന്‍റെ മകന്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നു. മുര്‍ഷിദ് ബൈക്ക് ഉപയോഗിക്കുന്ന സമയങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് കുട്ടികള്‍ അനുകരിക്കാറുണ്ടായിരുന്നു. ഹെല്‍മെറ്റിന് പകരമായി പ്ലാസ്റ്റിക് പാത്രം ആണ് കുട്ടികള്‍ കളിക്കാനായി ഉപയോഗിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം എടുത്ത് തലയില്‍ വെക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തി പാത്രം തലയില്‍ നിന്ന് ഊരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ കുട്ടിയെയുമെടുത്ത് രക്ഷിതാക്കള്‍ മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചേര്‍ന്നു. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സി. മനോജിന്‍റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ പി ടി ശ്രീജേഷ്, മുഹമ്മദ് ഷനീബ്, എം. നിസാമുദ്ദീന്‍, കെ.എം ജിഗേഷ്, കെ.എസ് ശരത്, അനു മാത്യു, എം.കെ അജിന്‍, കെ.എസ് വിജയകുമാര്‍, പി.കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം കുട്ടിയുടെ തലയില്‍ നിന്ന് സ്റ്റീല്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.