മെക്സിക്കോ:ലോകത്തെ ഒരുപന്തിലേക്ക് ചുരുക്കുന്ന ഭൂലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇന്ന് തുടക്കമാവുകയാണ്. മെക്സിക്കോ സിറ്റിയിലെ എസ്‌റ്റാഡിയോ അസ്ടെക്കയിൽ നിന്ന് ഉരുണ്ടു തുടങ്ങുന്ന പന്ത് ജൂലൈ 19 ന് ന്യൂയോർക്കിലെ ന്യൂജഴ്‌സിയിൽ നടക്കുന്ന കലാശപ്പോരാട്ടം വരെ ആവേശത്തിൻ്റെ തിരമാലകൾ തീർത്ത് കൊണ്ടേയിരിക്കും. അമേരിക്കയും മെക്സിക്കോയും കാനഡയും സം യുക്താതിഥ്യമരുളുന്ന 2026 ലോകകപ്പ് സവിശേഷതകൾ നിറഞ്ഞതാണ്. ആറാഴ്ച്ച നീളുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണുള്ളത്. ഡാളസ്,ലോസ് ഏഞ്ചൽസ്, മി യാമി, ടൊറാന്റോ തുടങ്ങിയ പ്രധാന നഗരങ്ങൾ വേദികളാ കുന്ന ഈ കാൽപന്തുൽസവത്തിൻ്റെ മത്സരങ്ങളുടെ എണ്ണം, ഫോർമാറ്റ്, വേദികളുടെ അകലം, ടീമുകളുടെ പങ്കാളി ത്തം എന്നിവ പരിഗണിച്ചാൽ ചരിത്രത്തിലിത്രയും വിശാലമായൊരു ലോകകപ്പ് മുമ്പുണ്ടായിട്ടില്ലെന്ന് ബോധ്യമാകും. മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വവും ഇതാദ്യം. 32 ൽ നിന്നു 48 ആയി ടീമുകളുടെ എണ്ണവും 64ൽ നിന്നു 104 ആയി മത്സരങ്ങളുടെ എണ്ണവും വർധിച്ചു. ഗ്രൂപ്പ് റൗണ്ട് കടന്നാൽ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 16) എന്ന പതിവിനു പകരം റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ സമയക്രമം കാരണം ഇന്ത്യൻ ആരാധകർക്ക് മിക്ക മത്സരങ്ങളും അർധരാത്രിയോടെയോ അതിന് ശേഷമോ കാണേണ്ടി വരും. ഇന്ത്യൻ സമയം രാത്രി 12.30-നാണ് മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിൽ ഉള്ള ആദ്യ പോരാട്ടം അരങ്ങേറുക. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വിവിധ ഡിടിഎച്ച്, കേബിൾ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാനാകും. കേരള വിഷൻ, ഡിഷ് ടിവി, സൺ ഡയറക്ട്, ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി, എയർടെൽ ഡിജിറ്റൽ ടിവി, ടാറ്റാ പ്ലേ എന്നിവയിൽ യുണൈറ്റഡ് 8 സ്പോർട്സ് ചാനലിലൂടെ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. കൂടാതെ, സീ ഗ്രൂപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ5 ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ലഭ്യമാകും.