പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം.
സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റ് വിദ്യാർത്ഥികളാണ് സംഭവം സ്കൂൾ അധികൃതരെ അറിയിച്ചത്.
ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. മൂന്ന് പേരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.