പയ്യോളി: പയ്യോളിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഇരിങ്ങല്‍ സ്വദേശി കുന്നങ്ങോത്ത് മെല്‍വിന്‍ എസ്.ഗോവിന്ദിനും, പിന്നിലിരുന്ന വിദ്യാര്‍ഥിനിയ്ക്കുമാണ് പരിക്കേറ്റത്. അപകടത്തിന് ഇടയാക്കിയ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കെ.എല്‍ 56 ജി 0261 കുറുങ്ങോട്ട് ബസാണ് അപകടത്തിന് ഇടയാക്കിയത്. പേരാമ്പ്ര റോഡില്‍ നിന്നും ദേശീയപാത സര്‍വ്വീസ് റോഡിലേക്ക് ബസ് അമിതവേഗതയില്‍ വരികയായിരുന്നെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ സമീപത്തേക്ക് തെറിച്ചുവീണിരുന്നു.

വിദ്യാര്‍ഥിനിയുടെ കാലിന് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി അങ്ങാടിയില്‍ സഹപാഠിയുടെ വീട്ടില്‍ മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെയാണ് ബസ് അപകടമുണ്ടാക്കിയത്.