താമരശ്ശേരി: ചുരത്തിലെ ആറാം വളവിൽ കുടുങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ബസ് അല്പസമയം മുൻപ് റോഡിൽ നിന്ന് മാറ്റിയെങ്കിലും ചുരത്തിലെ അതിരൂക്ഷമായ ഗതാഗത തടസ്സത്തിന് ഇപ്പോഴും കുറവില്ല.
ബസ് കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം വണ്ടികൾ റോഡിൽ കിടക്കേണ്ടി വന്നതിനാൽ ചുരത്തിന്റെ ഇരുഭാഗങ്ങളിലേക്കും കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരിക്കുന്നത്. രണ്ടാം വളവ്, ചിപ്പിലിത്തോട് ഭാഗങ്ങളിൽ നിന്ന് മുകളിലോട്ടും, എട്ടാം വളവ്, ഒമ്പതാം വളവ് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് താഴോട്ടും നിലവിൽ വൻ വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതിനുപുറമേ ചുരത്തിൽ ഇപ്പോൾ അതിശക്തമായ മഴ പെയ്യുന്നതും ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.