തൃശൂർ: വടക്കാഞ്ചേരിയിൽ നിന്നും വിൽപനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം.ഡി.എം.എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, എം.ഡി.എം.എ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്നും കടത്തിവിട്ട കുന്നംകുളം തെക്കേപ്പുറം സ്വദേശി കോതാട്ടിൽ വീട്ടിൽ അരൂദാസ് (33) എന്നയാളെയാണ് വടക്കാഞ്ചേരി പോലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്.
9.8.2026 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം കുന്നംകുളത്തേക്ക് വലിയ തോതിൽ എം.ഡി.എം.എ ബംഗളൂരുവിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവരുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിൽ, വടക്കാഞ്ചേരിയിൽ നിന്നും കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) എന്നയാളെ 154.27 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്നും പ്രതിയുടെ കൈവശം എം.ഡി.എം.എ വിൽപനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത്. തുടർന്ന് വടക്കാഞ്ചേരി പോലീസ് അന്വേഷണ സംഘം ബംഗളൂരുവിലെത്തുകയും തുടർന്നു നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ അരൂദാസിനെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ.പി.എസിന്റെ നിർദേശത്തിലും കുന്നംകുളം എ.സി.പി സജു എബ്രഹാമിന്റെ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സെയ്ഫുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഘു, കണ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.