കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. താണെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടി വീട്ടിേലക്ക് വിളിച്ചു. പോലീസും ബന്ധുക്കളും താണെയിലേക്ക് പുറപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ യു. അമൃതയെയാണ് കഴിഞ്ഞ ദിവസം മുതൽ ഹോസ്റ്റലിൽ നിന്നും കാണാതായിരുന്നത്. 

വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഡോക്ടറെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി പിന്നീട് തിരിച്ചെത്തിയില്ല. വിദ്യാർത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ ടെൻഷനിലായിരുന്നുവെന്ന് സഹപാഠികൾ മെഡിക്കൽ കോളേജ് പോലീസിനോട് വെളിപ്പെടുത്തി. 

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും സൂചന ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസിന്റെ സഹായത്തോടെ മറ്റു സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.