തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതൻ ഒടുവിൽ പോലീസ് പിടിയിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ കനത്ത നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ കൗൺസിലറുടെ അനുയായികൾ വളഞ്ഞതോടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവറപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചു. ഇതിനുശേഷമാണ് പോലീസ് കൗൺസിലറെ കസ്റ്റഡിയിലെടുത്തത്.
ഒരാളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നുള്ള നിർദ്ദേശപ്രകാരം ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും സുഗതൻ ഒളിവിൽ പോവുകയായിരുന്നു.
കൗൺസിലർ സ്വന്തം വാർഡായ വാഴോട്ടുകോണത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ സുഗതന്റെ അനുയായികൾ ഒത്തുകൂടുകയും പോലീസ് സംഘത്തെ വളഞ്ഞ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതിയുമായി രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ വന്നതോടെയാണ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെക്കാൻ നിർബന്ധിതനായത്.
അതേസമയം, ജനപ്രതിനിധിയായി മത്സരിച്ച് വിജയിച്ച തന്നെ പോലീസ് കാപ്പ കേസ് പ്രതിയാക്കിയെന്ന് സുഗതൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും തന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും പോലീസുകാർ മർദ്ദിച്ചതായും സുഗതൻ ആരോപിച്ചു. പോലീസ് തന്നെ വെടിവച്ചാണ് അറസ്റ്റ് ചെയ്തതെന്നും ഇയാൾ പറഞ്ഞു.
നേരത്തെ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത് വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.