കൊച്ചി: സിഎംആര്‍എൽ ഇടപാടുകളിലെ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി തള്ളി. ഇഡിക്ക് അന്വേഷണം തുടരാം. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ്‌ കെ. വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്.

ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്താണ് സിഎംആർഎൽ അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്നാണ് പിണറായി വിജയന്‍റെ വീട്ടിൽ അടക്കം ഇഡി റെയ്‌ഡ്‌ നടത്തിയത്.

സിഎംആർ എൽ അപ്പീലിൽ വെള്ളിയാഴ്ച വരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹരജിക്കാർക്ക് എതിരെ തുടർ നടപടി തടഞ്ഞിരുന്നു. അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് ആയിരുന്നു വാദത്തിനിടെ ഹൈക്കോടതി ഉയർത്തിയ ചോദ്യം. നിരപരാധിത്വം വ്യക്തമാക്കാന്‍ ഇഡിക്ക് മുന്നില്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം. കുറ്റകൃത്യമില്ലെങ്കില്‍ സിഎംആർഎലിന് ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ചോദിച്ചിരുന്നു. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്ന് ആയിരുന്നു സിഎംആര്‍എല്‍ അപ്പീലിൽ ഉയർത്തിയ വാദം. എഫ്‌ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങി. അധികാരപരിധി മറികടന്നതായും വാദിച്ചു. നടപടിക്ക് ആധാരമായ കുറ്റകൃത്യം ഉണ്ടെന്നാണ് ഇഡിയുടെ വാദം.

വ്യാജരേഖ ചമച്ചത് ഉള്‍പ്പടെ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎംആർഎലിന് എതിരായ അന്വേഷണം. അതിനിടെ, ഇഡി മേധാവി കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഡയറക്ടർ രാഹുൽ നവീൻ ആണ് ഇന്നലെ കൊച്ചിയിൽ എത്തിയത്. ഇന്ന് ഇഡി ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. സിഎംആർഎൽ കേസും ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണവും നടന്ന പശ്ചാത്തലത്തിൽ ആണ് ഡയറക്ടർ എത്തിയത്.