മേപ്പാടി: പുത്തുമലയിലെ കൊലയാളി ആനയെ മയക്കുവെടിവച്ച്‌ പിടികൂടുമെന്ന്‌ സ‍ൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ ആഷിക്‌അലി അറിയിച്ചു. നാട്ടുകാർ മേപ്പാടി ട‍ൗണിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്‌ തീരുമാനം. അടിയന്തരമായി ഇതിനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥിരം അക്രമിയായ കാട്ടാനയെ പിടികൂടുക, കൊല്ലപ്പെട്ട ജെസിയുടെ കുടുംബാംഗത്തിന്‌ സ്ഥിരംജോലി നൽകുക, നഷ്ടപരിഹാരം 25 ലക്ഷം നൽകുക, പ്രദേശത്ത്‌ സുരക്ഷ ഉറപ്പുവരുത്തുക, റോഡരികിലെ കാടുകൾ നീക്കംചെയ്യുക, ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കുങ്കിയാനകളെ ഉപയോഗിച്ച്‌ കാട്ടാനയെ ഉൾ വനത്തിലേക്ക്‌ തുരത്താമെന്ന്‌ ഡിഎഫ്‌ഒ അറിയിച്ചുവെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. തുടർന്ന്‌ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ഡിഎഫ്‌ഒ സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കൊലയാളി ആനയെ വെടിവയ്ക്കാനുള്ള തീരുമാനം അറിയിച്ചത്‌.

പാതയോരത്തെ കാടുകൾ നീക്കംചെയ്യാൻ ഉടൻ നടപടി സ്വീകരിക്കും. കുടുംബത്തിന്‌ 10 ലക്ഷം രൂപ ഉടൻ നൽകും. അപകടമേഖലകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും. മറ്റ്‌ ആവശ്യങ്ങൾ സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത്‌ അറിയിക്കുമെന്നും ഡിഎഫ്‌ഒ അറിയിച്ചു. ആവശ്യങ്ങൾ നടപ്പായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും സമരക്കാർ പറഞ്ഞു. സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്‌, കെ വിനോദ്‌, സന്തോഷ്‌കുമാർ, ബൈജു, ജിതിൻ, കെ കെ സഹദ്‌ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

അതേസമയം കൊലയാളി ആനയെ മയക്കുവെടി വയ്‌ക്കാനുള്ള നടപടികൾ ചൊവ്വ വൈകീട്ടോടെ ആരംഭിച്ചു. ഡോ. അരുൺമോഹന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടറുടെ സംഘവും രണ്ട്‌ ആർആർടി സംഘവും സ്ഥലത്ത്‌ ക്യാമ്പ് ചെയ്യുന്നുണ്ട്‌. കാട്ടാന നിരീക്ഷണത്തിലാണെന്ന്‌ ഡിഎഫ്‌ഒ അറിയിച്ചു. ബുധൻ രാവിലെ മുത്തങ്ങയിൽ നിന്നും കുങ്കിയാനകൾ സ്ഥലത്തെത്തും. തുടർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി മയക്കുവെടിവച്ച്‌ പിടികൂടാനുള്ള നടപടി ആരംഭിക്കുമെന്നും ഡിഎഫ്‌ഒ പറഞ്ഞു.