കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 25 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 13,255 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 200 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായാണ് പവൻ വില കൂടിയത്. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണത്തിന് നേരിയ വിലയിടിവുണ്ടായി.
സ്പോട്ട് ഗോൾഡ് നിരക്ക് 0.6 ശതമാനം കുറഞ്ഞ് ഔൺസിന് 4,076.53 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,074.20 ഡോളറായി. അതേസമയം സ്വർണം പ്രതിമാസനേട്ടത്തിലാണ്. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് സ്വർണം പ്രതിമാസനേട്ടം സ്വന്തമാക്കുന്നത്.
ഡോളറിലുണ്ടായ മുന്നേറ്റം ഇന്ന് സ്വർണവിലയേയും സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് തൽസ്ഥിതി തുടരാൻ തീരുമാനമെടുത്തതിന് പിന്നാലെ ഇന്നലേയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്നതിനാലാണ് പലിശനിരക്ക് ഉയർത്തേണ്ടെന്ന തീരുമാനത്തിലേക്ക് ഫെഡറൽ റിസർവ് എത്തിയത്.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക 0.13 ശതമാനം ഉയർന്നപ്പോൾ ബോംബെ സൂചിക 0.5 ശതമാനം കൂടി. പ്രധാനപ്പെട്ട 16 സെക്‌ടറുകളിൽ 13 എണ്ണവും നേട്ടത്തിലാണ്.