തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്ന് സതീശന്‍ പറഞ്ഞു. നടപടി രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ മറുപടി.

'വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നാണ് നിര്‍ദേശം വന്നത്. നില്‍ക്കുമ്പോഴാണ് മുഴുവനും കേള്‍ക്കുന്നത്. അതിന് ഇടയില്‍ ചെന്ന് തടസപ്പെടുത്താന്‍ സാധിക്കില്ലല്ലോ? അവസാനം സാധാരണ ഗതിയില്‍ ദേശീയ ഗാനമാണ് ആലപിക്കുന്നത്. വന്ദേമാതരം കൂടി ആലപിക്കുമെന്ന് അറിയില്ലായിരുന്നു,' മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്നും, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പൊലിസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

2026 ഓഗസ്റ്റ് 31-ന്കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സിറാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്സിക്ക് ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.