ഇടുക്കി: ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ മഴയും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ മലയോര മേഖലകളില്‍ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിയന്ത്രണം.
മഴ ശക്തമായി തുടരുന്നതിനാല്‍ പ്രദേശങ്ങളില്‍ അപകടസാധ്യത കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് രാത്രി യാത്ര നിയന്ത്രിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
മലയോര മേഖലയിലൂടെ രാത്രിയില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും യാത്രകള്‍ പരമാവധി പകല്‍ സമയത്തേക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശവാസികളും വിനോദസഞ്ചാരികളും മുന്നറിയിപ്പ് ഗൗരവത്തോടെ കാണണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിനായി ജില്ലാ പൊലിസ് മേധാവി, ഇടുക്കി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ താമസിക്കുന്നവരും യാത്രക്കാരും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.