കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുക.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽ നിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവിനെ ഉൾപ്പെടെ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാത്തതിനും പ്രേരണാക്കുറ്റത്തിനുമാണ് നടപടി. പ്രതികൾക്ക് മദ്യം വിളമ്പിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവിടങ്ങളിലെ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19 വയസ്സുള്ള സുഹൈലിന് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി, കേരളത്തിൽ മദ്യം വാങ്ങാനുള്ള പ്രായം 23 ആണ്.

കാർ ഓടിച്ചിരുന്ന 19-കാരൻ സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ 3 ബാറുകളിൽ കയറി മദ്യപിക്കുന്നതിന്റെ വീഡിയോ സ്വന്തം ഫോണിൽ പകർത്തിയിരുന്നു.