ന്യൂഡൽഹി/അബുദബി: യുഎഇയിലെ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ പദ്ധതിയുള്ളതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഫുജൈറ തുറമുഖം വഴി ഇന്ത്യൻ തൊഴിലാളികളെ കപ്പൽ മാർഗം നാട്ടിലെത്തിക്കാൻ ഇന്ത്യയും യുഎഇയും കരാറിലേർപ്പെട്ടു എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രാലയം അറിയിച്ചു.



വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ വിഭാഗമായ 'MEA FactCheck' ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ലൂടെ ഈ വാർത്ത തള്ളിയത്. "ഒരു തരത്തിലുള്ള ഒഴിപ്പിക്കലും നിലവിൽ ആസൂത്രണം ചെയ്യുന്നില്ല. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം," മന്ത്രാലയം മുന്നറിയിപ്പ് നൽകി

മേഖലയിലെ സംഘർഷങ്ങൾ കാരണം വിമാനയാത്ര തടസ്സപ്പെട്ടാൽ പകരമായി ഫുജൈറ തുറമുഖം വഴി ഇന്ത്യക്കാരെ മാറ്റാൻ ധാരണയായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ടുകളാണ് വ്യാപകമായി പ്രചരിച്ചത്. ഈ സ്ക്രീൻഷോട്ടുകൾ 'ഫേക്ക്' (Fake) എന്ന് അടയാളപ്പെടുത്തിക്കൊണ്ടാണ് മന്ത്രാലയം സത്യസന്ധമായ വിവരം പുറത്തുവിട്ടത്.