കോഴിക്കോട്: അത്തോളി സ്വദേശിയുടെ ഒരുലക്ഷം രൂപ ലിമിറ്റുള്ള ക്രഡിറ്റ് കാര്‍ഡില്‍ നിന്നും 3,40000രൂപ തട്ടിയെടുത്തതായി പരാതി. അത്തോളി സ്വദേശി വിനോദിനാണ് പണം നഷ്ടമായത്. സിബില്‍ സ്‌കോര്‍ കുറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞുള്ള വാട്‌സ് ആപ്പ് കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.

തുടര്‍ന്ന് വാട്‌സ്ആപ്പ് വഴി എസ്.ബി.ഐ എ.പി.കെ എന്ന പേരില്‍ ഒരു ഫയര്‍ വന്നു. കാര്‍ ഡ്രൈവ് ചെയ്യുന്ന സമയത്തായിരുന്നു സന്ദേശം വന്നത്. ഇത് അറിയാതെ തുറന്നുപോയതിന് പിന്നാലെയാണ് പണം നഷ്ടമായതെന്നും വിനോദ് പറയുന്നു.

ഒരുലക്ഷം രൂപ ലിമിറ്റുളള ക്രഡിറ്റ് കാര്‍ഡില്‍ നിന്നാണ് ഇത്രയും പണം നഷ്ടമായത്. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ക്രഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് വര്‍ധിപ്പിക്കാന്‍ അപേക്ഷിച്ചത് പ്രകാരമാണ് ലിമിറ്റുയര്‍ത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. താന്‍ ഇത്തരത്തിലൊരു അപേക്ഷ നല്‍കിയിട്ടില്ലെന്നും തട്ടിപ്പുകാര്‍ തന്നെ നല്‍കിയതാണെന്നുമാണ് വിനോദ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.