കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മന്ത്രി എൻ ഷംസുദ്ദീന് നേരെ ബിജെപി -യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
റെയിൽ വേ സ്റ്റേഷനിൽ പ്രതിഷേധിച്ച 10 ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. അതേ സമയം വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.