താമരശ്ശേരി: ചുരത്തിൽ ശക്തമായ മഴയെത്തുടർന്ന് അഞ്ചാം വളവിലും ഇരുപത്തിഒൻപതാം മൈലിലും യാത്രക്കാർക്ക് ഭീഷണിയായി നിലംപതിച്ച മരങ്ങൾ വനംവകുപ്പും ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് മുറിച്ചുമാറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിൽ ശക്തമായ കാറ്റും മഴയുമുണ്ടായത്. ഇതേത്തുടർന്ന് റോഡിലേക്ക് അപകടകരമായ രീതിയിൽ മരങ്ങൾ ചരിഞ്ഞു വീഴുകയായിരുന്നു.
വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ രീതിയിൽ അപകടഭീഷണിയുയർത്തിയ സാഹചര്യത്തിൽ ഫോറസ്റ്റ് അധികൃതരും ഹൈവേ പോലീസും ഉടനടി സ്ഥലത്തെത്തി.
ചുരം ഗ്രീൻബ്രിഗേഡ് വോളണ്ടിയർമാരായ ഷൗക്കത്ത് എലിക്കാട്, മജീദ് കണലാട്, വിനു, അർഷാദ് എരഞ്ഞോണ, ഗഫൂർ ഒതയോത്ത്, നിസാം VH , നിഷാദ്VH എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി പാത സുരക്ഷിതമാക്കിയത്. ഇവരുടെ സമയബന്ധിതമായ ഇടപെടൽ കാരണം ചുരത്തിൽ ഉണ്ടായേകാവുന്ന വൻ ഗതാഗത കുരുക്കാണ് ഒഴിവായത്.