ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ക്രമക്കേടുകൾ നിറഞ്ഞതും സാധാരണക്കാർക്ക് താങ്ങാനാകാത്തവിധം ചെലവേറിയതുമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പത്ത് വർഷത്തിനിടെ രാജ്യത്ത് 152 ചോദ്യപേപ്പർ ചോർച്ചകളാണ് ഉണ്ടായത്. 7.5 കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. എന്നാൽ, ആർക്കെതിരെയും നടപടിയുണ്ടായില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പർ ചോർച്ച, ധർമേന്ദ്ര പ്രധാന്റെ രാജി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ ഡൽഹി പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അവർ തെരുവിലിറങ്ങിയത്. ഇന്ത്യയിലെ യുവാക്കൾക്ക് ഭാവിയില്ലെന്ന ആശങ്കയിലാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ഈ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തുകയും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും വേണം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മാപ്പ് പറയുകയും വേണം.
വിദ്യാഭ്യാസ രംഗത്തെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. ഇന്ത്യയിലെ ഓരോ വിദ്യാർഥിയും ഉയർത്തുന്ന ആശങ്കകളോട് നൂറു ശതമാനം താൻ യോജിക്കുന്നു. ഈ വിഷയത്തിൽ പ്രതിഷേധിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും രാഹുൽ പറഞ്ഞു.
നേരത്തേ, പാർലമെന്റ് സമ്മേളനത്തിൽ ഭരണപക്ഷമായ എൻ.ഡി.എയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും നിർത്തിവെച്ചു