തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

നിലവിൽ മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഈ ചുഴി ഞായറാഴ്ചയോടെ ആന്തമാൻ കടലിൽ പ്രവേശിച്ച് ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ.

മന്നാർ ഉൾക്കടലിനും തെക്കൻ തമിഴ്നാട് തീരത്തിനും മുകളിൽ 0.9 കി.മീ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്നാട്, കർണാടക വഴി കടന്നുപോകുന്നു.

അതേസമയം, അടുത്ത 3 മണിക്കൂറിനുള്ളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിൽ നേരിയ മഴയ്ക്കും സാധ്യത.