കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് വടകര സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ഗൈനക്കോളജി വിഭാഗം ഇന്ന് റിപ്പോർട്ട് നൽകും. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49)യാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. രോഗി മരിച്ച സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് മെഡിക്കൽ സൂപ്രണ്ട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.
സൂപ്രണ്ടിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഗൈനക്കോളജി വിഭാഗം ഇന്ന് റിപ്പോർട്ട് സമർപ്പിക്കുന്നത്. സംഭവത്തിൽ തങ്കമണിയുടെ കുടുംബം ചികിത്സപിഴവ് ആരോപിച്ച് രംഗത്ത് വന്നതോടെ സംഭവം വിവാദമായി. കുടുംബം മെഡിക്കൽ കോളേജ് പോലിസിൽ പരാതി നൽകിയിട്ടുമുണ്ട്. ശസ്ത്രക്രിയക്ക് ശേഷം തങ്കമണിക്ക് അണുബാധ ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്.
തങ്കമണിയെ അഞ്ചാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എട്ടാം തിയ്യതി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് ഒമ്പതിന് വാർഡിൽ പ്രവേശിപ്പിച്ചു. ഒമ്പതിന് രാത്രി തന്നെ ബ്ലീഡിംഗ്, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായിതിനെ തുടർന്ന് തങ്കമണിയെ 10ന് ഐസിയുവിലേക്ക് വീണ്ടും മാറ്റി. നില വഷളായതിനെ തുടർന്ന് 10ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും കഴിഞ്ഞ ദിവസം വൈകിട്ടോടെ അഞ്ച് മണിയോടെ മരണപ്പെടുകയുമായിരുന്നു. ഗൈനക്കോളജി വിഭാഗം ഇന്ന് റിപ്പോർട്ട് നൽകുന്നതോടെ തങ്കമണിയുടെ മരണത്തിൽ ഒരു വ്യക്തത ലഭിക്കും.