തൃശൂർ: തൃശൂർ കാറളത്ത് വൃദ്ധയായ വീട്ടുയുടമസ്ഥയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പതിനഞ്ച് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. കാറളം മൃഗാശുപത്രിക്കു പിന്നിൽ താമസിക്കുന്ന അരുമ്പുള്ളി വിജയൻ്റെ ഭാര്യ സാവിത്രി (79) ആണ് നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിനിരയായത്. സാവിത്രി ധരിച്ചിരുന്ന അഞ്ച് വളകളും മാലയും മോതിരവുമടക്കം ഏകദേശം 15 പവനോളം സ്വർണ്ണാഭരണങ്ങളാണ് അക്രമികൾ കവർന്നതെന്ന് ഇരിങ്ങാലക്കുട പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ വീടിനകത്ത് മുളകുപൊടി വാരിവിതറിയിരുന്നു. സാവിത്രിയുടെ ശരീരത്തിൽ അക്രമികൾ ബലപ്രയോഗം നടത്തിയതിൻ്റെ ഗുരുതരമായ പാടുകളും കണ്ടെത്തിയിട്ടുണ്ട്.