മലപ്പുറം: എടവണ്ണയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അൻപത്തൊന്നുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമ (51) ആണ് മരിച്ചത്. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റു.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിനായി പോവുകയായിരുന്ന പ്രദേശവാസികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പന്നിയുടെ ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരുടെ ചികിത്സയും സുരക്ഷാ നടപടികളും പുരോഗമിക്കുകയാണ്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.