കോഴിക്കോട്: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് കക്കട്ടിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ കെ-മാളിന് മുന്നിൽ വെച്ചാണ് സംഭവം.

 

വൈദ്യുതി ലൈനിൽ തട്ടി സ്പാർക്ക് ഉണ്ടായതിനെ തുടർന്ന് ആക്രി സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. പിന്നീട് തീ ലോറിയിലേക്ക് പടരുകയായിരുന്നു. എയർ ടാങ്ക് പൊട്ടി ലോറി നിരങ്ങി നീങ്ങിയത് പരിഭ്രാന്തി പരത്തി.

 

വിവരമറിഞ്ഞ് നാദാപുരം അഗ്നിരക്ഷാ സേന സീനിയർ ഓഫീസർ ലൈജു ഐസെക്കിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് എത്തി 30 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. ഡ്രൈവർ സമയത്ത് പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി.