കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉണ്ടായ വൻ ദുരന്തം വഴിപോക്കൻ്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. ഫറോക്ക് കോളേജ് മേലേവാരത്ത് വെച്ചാണ് സംഭവം. വാഹനം ഓടിച്ചിരുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി സാജിദ് പൊള്ളലേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഫറോക്കിൽ നിന്നും ഫറോക്ക് കോളേജ് വഴി ദേശീയപാതയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സാജിദ്. യാത്രാമധ്യേ മൊബൈൽ ഫോണിൽ കോൾ വന്നതിനെ തുടർന്ന് ഇദ്ദേഹം വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി സംസാരിക്കുകയായിരുന്നു. ഈ സമയം കാറിൻ്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് വഴിപോക്കനായ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ സാജിദിനോട് കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
തീ പടർന്നത് നിമിഷങ്ങൾക്കകം
സാജിദ് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ തൊട്ടുപിന്നാലെ കാറിൻ്റെ ബോണറ്റിനുള്ളിൽ നിന്നും വലിയ രീതിയിൽ തീ പടർന്നുപിടിച്ചു. ഫോൺ വന്നതും വാഹനം നിർത്തിയതും, വഴിപോക്കൻ്റെ കൃത്യമായ മുന്നറിയിപ്പും കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.
തുടർന്ന് തദ്ദേശവാസികളും സമീപത്തെ വ്യാപാരികളും ഉടൻ തന്നെ ഒത്തുചേർന്ന് വെള്ളമൊഴിച്ച് തീ പൂർണ്ണമായും അണച്ചു. എഞ്ചിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.