താമരശ്ശേരി: ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാനപാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണിടിയാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടന്നു പോവുന്നത്. റോഡിൻ്റെ വശങ്ങളിലായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. വിള്ളൽ വന്ന ഭാഗം പൊലീസ് താൽക്കാലിക ഡിവൈഡർ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്.
വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭാരമേറിയ ഇത്തരം വാഹനങ്ങൾ അമിതമായി വശങ്ങളിലേക്ക് ചേർക്കുന്നത് ഒഴിവാക്കണം. രാത്രി യാത്രകളിൽ കാഴ്ച പരിമിതമാകാൻ സാധ്യതയുള്ളതിനാൽ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകേണ്ടതാണ്.