ഷാർജ :യു എ ഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തിയ കെ 2 എയർവേയ്സിന്റെ (ബോയിംഗ് കാർഗോ വിമാനം അറബിക്കടലിൽ തകർന്നു വീണതായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ അറബിക്കടലിൽ നിന്ന് പാകിസ്താൻ അധികൃതർ കണ്ടെടുത്തു. കറാച്ചി തീരത്തുനിന്നും ഒർമാര പോർട്ടിന് തെക്ക് 53 നോട്ടിക്കൽ മൈൽ മാറിയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയർമാരും ഒരു സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ അഞ്ച് ജീവനക്കാരെ കണ്ടെത്താനായി പാകിസ്താൻ നേവിയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായി ആഴക്കടലിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് വിമാനവുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായത്.
കറാച്ചിക്ക് സമീപമെത്തിയപ്പോൾ വിമാനത്തിന് നാവിഗേഷൻ സിസ്റ്റം തകരാർ ഉണ്ടായതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിമാനം വലത്തോട്ട് തിരിയുകയും മിനിറ്റിൽ ഏകദേശം 15,000 അടി എന്ന നിരക്കിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റഡാർ 24 ലഭ്യമാക്കിയ എ ഡി എസ് ബി ഡാറ്റ അനുസരിച്ച് വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനങ്ങൾക്ക് ശേഷമാണ് തകർന്നുവീണത്.