കൽപ്പറ്റ: നിമിഷങ്ങൾക്കകം പണം ഇരട്ടിപ്പിച്ചു നൽകാമെന്ന വ്യാജവാഗ്ദാനം നൽകി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി സാധാരണക്കാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘം വയനാട്ടിൽ സജീവമാകുന്നു. 'റിയ മണി ഹെൽപ്' (Riya Money Help) എന്ന പേരിൽ രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ആളുകളുടെ മുൻകൂർ അനുമതിയില്ലാതെയാണ് ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി നമ്പറുകൾ ആഡ് ചെയ്യുന്നത്. ഗ്രൂപ്പിൽ ചേർത്തതിന് പിന്നാലെ വൻ തുകകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ആകർഷകമായ മെസ്സേജുകൾ അയക്കുകയാണ് ഇവരുടെ രീതി. 5,000 രൂപ നൽകിയാൽ 15 മിനിറ്റിൽ 18,000 രൂപയും, 10,000 രൂപയ്ക്ക് 45 മിനിറ്റിൽ 30,000 രൂപയും, 90,000 രൂപ നിക്ഷേപിച്ചാൽ 4 ലക്ഷം രൂപ വരെ ലഭിക്കുമെന്നുമാണ് സംഘത്തിന്റെ പ്രചാരണം.

'സെൻഡിങ് ചാർജ്' എന്ന പേരിലാണ് ആളുകളിൽ നിന്ന് യു.പി.ഐ (UPI) വഴി തുക കൈക്കലാക്കുന്നത്. വിശ്വാസ്യത ഉറപ്പിക്കാൻ പണം ലഭിച്ചതായി തോന്നിപ്പിക്കുന്ന വ്യാജ

ഗൂഗിൾ പേ സ്ക്രീൻഷോട്ടുകളും സംഘം ഗ്രൂപ്പുകളിൽ പങ്കുവെക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നൽകുന്നവർക്ക് ഇരട്ടി ലാഭം തിരികെ നൽകി പൂർണ്ണ വിശ്വാസം നേടിയെടുക്കും. തുടർന്ന് വലിയ തുകകൾ കൈമാറുന്നതോടെ ഉപഭോക്താക്കളെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയും നമ്പറുകൾ ബ്ലോക്ക് ചെയ്യുകയുമാണ് പതിവ്. നാണക്കേട് ഭയന്ന് പണം നഷ്ടപ്പെട്ട പലരും പരാതി നൽകാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് തുണയാകുന്നു.

മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ പ്രമുഖരും ഉദ്യോഗസ്ഥരുമടക്കമുള്ള നൂറുകണക്കിന് ആളുകളെ ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സൈബർ മാഫിയയാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ജില്ലാ സൈബർ സെല്ലിന്റെയും ഐ.ടി സെല്ലിന്റെയും നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അപരിചിതമായ ഇത്തരം ലിങ്കുകളിലും ഗ്രൂപ്പുകളിലും ആരും വീഴരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.