എലത്തൂർ: പൂളാടിക്കുന്ന് കല്ലിടുക്കിൽ ദേവി ക്ഷേത്രത്തിൽ കവർച്ച. സ്വർണത്താലിയും വെള്ളിത്തിരുമുഖവും ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന 14,000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളാണ് മോഷ്ടിച്ചത്. തുടർന്ന് ഓഫീസ് മുറിയുടെ പൂട്ടും തകർത്ത് ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു.

രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രം സെക്രട്ടറി സുഖിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.