കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് ഹൈക്കോടതി നിർദേശം.

ഇതുവരെ രണ്ട് തവണ സിബിഐ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ചിന്റെ പുതിയ ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും മരണത്തിൽ മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങൾ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.

2018-ൽ തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. അപകടത്തിൽ തുടക്കം മുതൽ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചന ഇല്ലെന്നും റിപ്പോർട്ട് നൽകി.

എന്നാൽ ഈ കണ്ടെത്തലിൽ തൃപ്തരല്ലാത്ത കുടുംബം അപകടസ്ഥലത്തെ നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ കൂടുതൽ ആഴത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.